നീ ഉറങ്ങുന്നത് നിലാവിനൊപ്പം , നിലാവുണരുമ്പോള്‍ നിന്നോട് കൂട്ടുകൂടാന്‍ തിങ്കളും വിണ്ണിലേയ്ക്ക് കണ്പാര്തിരിക്കുന്ന നക്ഷത്രജാലങ്ങളും , നിന്റെ ഏകാന്തതയ്ക്ക് കൂട്ട് നിശീഥത്തിന്റെ ശ്യാമവര്‍ണ്ണങ്ങള്‍ , നിനക്കൊപ്പം മൂളിപ്പാടാന്‍ ചീവീടുകളും തെന്നല്‍ തലോടുമ്പോള്‍ മൃദുവായ് മൂളുന്ന ഇല്ലിക്കാടുകളും , നിന്റെ രാക്കനവുകള്‍ക്കൊപ്പം രാപ്പാടികളുടെ ചിറകൊച്ചകള്‍ .
നിനക്ക് രാവിനോട് പ്രിയം തോന്നിയത് എന്നുമുതല്‍ ആയിരുന്നു ?
പകലിന്റെ കപടനാട്യങ്ങള്‍ കണ്ടു മടുത്തിട്ടയിരുന്നുവോ?
പകലിന്റെ കപടനാട്യങ്ങള്‍ കണ്ടു മടുത്തിട്ടയിരുന്നുവോ?
എന്റെ ചോദ്യങ്ങള്‍ക്ക് മറുപടിയേകാന്‍ മടിച്ചു നീ മൌനത്തെ കൂട്ടുപിടിച്ചപ്പോള്‍ ഞാന്‍ എന്റെ ഊഹങ്ങളിലൂടെ അതിനു മറുപടി തേടിയുള്ള യാത്ര തുടങ്ങി പക്ഷെ എന്നിട്ടും ബാക്കിയാകുന്നത് ഒരു പിടി ചോദ്യങ്ങളും സന്ദേഹങ്ങളും മാത്രം.
മൌനത്തെ കൂട്ടുപിടിച്ച് ഏകാന്തതയില്‍ അലിഞ്ഞു നീ ഇരിക്കുന്ന നേരം ഞാന്‍ കരുതിയത് രാവിന്റെ ശ്യാമവര്‍ണ്ണങ്ങളെ നീ പ്രണയിക്കുകയായിരുന്നു എന്നായിരുന്നു.
നിലാവിനെ തലോടി എത്തുന്ന തെന്നലില്‍ നീ പുളകിതയാകുമ്പോള്‍ നീ നിലാവിന്റെ കുളിരിനെ ആണ് പ്രണയിക്കുന്നത് എന്നും ഞാന്‍ സംശയിച്ചു
എല്ലാം വെറും സന്ദേഹങ്ങള്‍ മാത്രമായി എന്നില്‍ അവശേഷിക്കവേ കാര്‍മേഘങ്ങള്‍ മൂടി നിലാവ് മാഞ്ഞപ്പോള്‍ ഇമ ചിമ്മാതെ അലക്ഷ്യമായി നിന്റെ മിഴികള്‍ സ്മൃതികളെ തേടുകയായിരുന്നുവോ അതോ ശ്യാമ വര്‍ണ്ണങ്ങള്‍ കൊണ്ട് നെയ്തെടുത്ത സ്വപ്ന ചിറകുകളെ അരിഞ്ഞെടുത്ത പകല്‍ വേളകളെ മായ്ച്ച അന്ധകാരത്തിനോപ്പം അലസഗമനത്തിലായിരുന്നോ
നിന്റെ നിശാ സ്വപ്നങ്ങളെ കുറിച്ചുള്ള ചിന്തകള്‍ സൃഷ്ടിച്ച ആശയക്കുഴപ്പങ്ങള്‍ക്കിടയില്‍ എപ്പോഴോ ഞാന്‍ അത് മനസ്സിലാക്കി
എന്നും പകല്‍ വേളകളെയും ,പകല്‍വെട്ടത്തില്‍ നിനക്ക് മുകളില്‍ വട്ടമിട്ടു പറക്കുന്ന കഴുകന്മാരെയും നിന്റെ മാംസത്തിനായി കണ്ണ് കൂര്‍പ്പിച്ചിരിക്കുന്ന ചെന്നായ്കളെയും നീ ഭയപ്പെടുന്നു എന്നും രാവിന്റെ നിശബ്ദത അത് നല്‍കുന്ന ശാന്തത നിന്റെ മനസ്സിന് സ്വസ്ഥിയെകുന്നു എന്നും.
പകല്‍ വേളകളിലെ ശബ്ദ കോലാഹലങ്ങളെക്കാള്‍ രാവിന്റെ നിശബ്ദതയും നിലാവിന്റെ ശാന്തതയും ഇഷ്ടപ്പെടുന്ന നീ എന്തിനു ഇനി ഭയപ്പെടണം അകാരണമായ ഒരു ഭയം മൂലം നീ സൃഷ്ടിച്ചെടുത്തത് നിന്റേതു മാത്രമായ ഒരു ലോകം ആയിരുന്നില്ലേ, അവിടെ പകലിനെ കണ്ണടച്ചിരുട്ടാക്കി നിലാവിനോട് ചങ്ങാത്തം കൂടി ഏകാന്തതയ്ക്ക് കൂട്ടിരുന്ന് ഇനിയും നിന്റെ ദിനങ്ങളുടെ തുടര്‍ച്ച.........................................